എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രയ്ക്കിടെ മലമൂത്രവിസര്‍ജനം നടത്തി; അറസ്റ്റില്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയ്ക്കിടെ സീറ്റില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജൂണ്‍ 24ന് മുംബൈ- ഡല്‍ഹി എയര്‍ ഇന്ത്യയുടെ സി 866 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് അവഗണിച്ചതായാണ് പരാതിയില്‍ പറയുന്നത്. യാത്രക്കാരാനായ രാം സിങാണ് മലമൂത്രവിസര്‍ജനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സീറ്റില്‍ ഇയാള്‍ തുപ്പിവെച്ചതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്.ഇയാളുടെ പ്രവൃത്തി കണ്ട് മറ്റ് യാത്രക്കാരും ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വിമാന ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൈലറ്റ് ഇന്‍ കമാന്‍ഡ് സംഭവം വിമാനക്കമ്പനിയെ അറിയിച്ചു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.