ശിവഗിരിയില്‍ ഫലവൃക്ഷതൈ വിതരണം തുടരുന്നു

ശിവഗിരി : സംസ്ഥാന സര്‍ക്കാര്‍ വനംവകുപ്പിന്‍റെ സഹകരണത്തോടെ ശിവഗിരിയില്‍ എത്തുന്ന ഭക്തര്‍ക്ക് വിവിധ ഇനം ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു വരുന്നു. പ്ലാവ്, നെല്ലി, നാരകം, ആപ്പിള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് നല്‍കുന്നത്. ശിവഗിരി വഴിപാട് കൗണ്ടറിന് മുന്നില്‍ നിന്നും ഭക്തര്‍ക്ക് തൈകള്‍ ഏറ്റുവാങ്ങാം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കുള്ള തൈകളുടെ വിതരണം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിര്‍വ്വഹിച്ചു. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് തൈകള്‍ ലഭ്യമാക്കിയിരി ക്കുന്നു. വരുംകാലങ്ങളില്‍ കൂടുതല്‍ ഫലവൃക്ഷതൈകള്‍ നല്‍കുന്നതിനുള്ള ക്രമീകരണം ഉണ്ടാകുമെന്ന് സ്വാമി പറഞ്ഞു. ഗുരുദേവനും ശിഷ്യന്‍മാരും നട്ടുവളര്‍ത്തിയ പ്ലാവ്, മാവ്, ഞാവല്‍ തുടങ്ങിയവയുടെ തൈകള്‍ ഭക്തര്‍ക്ക് നല്‍കിയിരുന്നു. കൂടുതല്‍ ഭക്തര്‍ ഈ തൈകള്‍ ആവശ്യപ്പെട്ട് ശിവഗിരി മഠത്തെ സമീപിക്കുന്നതിനാല്‍ ഇവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ടാകും. ശാരദാമഠത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കര്‍മ്മയോഗയുടെ കൗണ്ടറില്‍ നിന്നു പലവിധ തൈകള്‍ വാങ്ങുന്നതിനും നിലവില്‍ സംവിധാനമുണ്ട്.