*മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ കേസ്*

കൊച്ചി : മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ എറണാകുളം ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്. 2009 നവംബർ 29 ന് നടന്ന അപകട മരണവുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. 

ഇടുക്കി ഉടുമ്പൻചോല സ്വദേശി എബി(18)ൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. വാഹനാപകടത്തെ തുടർന്ന് എബിൻ്റെ തലയിൽ കട്ടപിടിച്ച രക്തം നീക്കംചെയ്യാതെ ആശുപത്രി അധികൃതർ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും, തുടർന്ന് വിദേശിക്ക് അവയവം ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി സമൻസ് അയച്ചു. 
 ബൈക്കപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായാണ് എബിനെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേദിവസം വിദഗ്ധ ചികിത്സക്കായി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസയക്കാൻ ഉത്തരവിടുകയായിരുന്നു. 

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ലേക് ഷോർ ആശുപത്രി അധികൃതർ രംഗത്തെത്തി. മസ്തിഷ്കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്റേതെന്നാണ് ആശുപത്രിയുടെ വാദം. കൃത്യമായ ചികിത്സ നൽകിയെന്നും കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.