തിരുവനന്തപുരം കോർപ്പറേഷന്റെ വള്ളക്കടവിലുള്ള കമ്മൂണിറ്റി ഹാളിൽ വച്ചാണ് കുടുംബശ്രീക്കാർ തമ്മിൽ തല്ലിയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ചേർന്ന യോഗമാണ് അടിയിൽ കലാശിച്ചത്. വള്ളക്കടവ് വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ സാമ്പത്തിക ഇടപാടുകളും കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിലെ അപാകതകളുമാണ് തർക്കത്തിന്റെ കാരണം. യോഗത്തിൽ കോർപ്പറേഷൻ കൗൺസിലർ ഷാജിദ നാസറിന്റെ മകൾ വിനിത നാസറിന്റെ നേതൃത്തിൽ ഒരു വിഭാഗം കുടുംബശ്രീയുടെ പ്രവർത്തനത്തിന്റെ കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. എഡിഎസ് പ്രസിഡന്റ് ഹസീന നിസാം അടക്കമുള്ള ഔദ്യോഗിക വിഭാഗം ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് വാക്ക്പോരായി, ഒടുവിൽ കൂട്ടത്തല്ല്.
കൂട്ടയടിക്കിടെ വിനിത നാസറിന്റെ ഒപ്പമുണ്ടായിരുന്ന ഒരാളുടെ കുട്ടിക്കും അടിയേറ്റു. ഇതിനെതിരയാണ് ആദ്യം പൊലീസിൽ പാരാതി ലഭിച്ചത്. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. കുടുംബശ്രീയുടെ ഔദ്യോഗിക വിഭാഗവും പരാതിയുമായി എത്തിയതോടെ പ്രാദേശിക സിപിഎം നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. വളളക്കടവിലെ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം വിനിത നാസറടക്കമുള്ളവർ കുറച്ച് നാളുകൾക്ക് മുമ്പ് സിപിഐയിൽ ചേർന്നിരുന്നു.