നിഖിലിന്റെ യാത്രകൾ: വർക്കല, വീഗാലാന്റ്, കോഴിക്കോട്, കൊട്ടാരക്കര... കോട്ടയത്തെത്തിയപ്പോൾ പിടിയിൽ

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ ഒളിവുകാലത്തെ യാത്രകൾ പൊലീസ് കണ്ടെത്തി. വ്യാജ ഡിഗ്രി വിവാദം ഏഷ്യാനെറ്റ് ന്യൂസ് ശനിയാഴ്ച രാവിലെ പുറത്തുവിട്ടതിന് പിന്നാലെയാണ് നിഖിൽ തോമസ് കായംകുളം വിട്ടത്. അന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ഇത്.കായംകുളം സിപിഎം ഏരിയാ കമ്മിറ്റിയംഗം എം നസീർ, ഡിവൈഎഫ്ഐ തഴവ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബികെ നിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് വന്ന നിഖിൽ അന്ന് രാത്രി വർക്കലയിലെ സ്വകാര്യ റിസോർട്ടിലാണ് തങ്ങിയത്. ഞായറാഴ്ച വൈകിട്ട് നിയാസും നസീറും നിഖിലിനെ കായംകുളത്തെ വീട്ടിൽ എത്തിച്ചു. 

ജൂൺ 19 ന് രാവിലെ മൂന്ന് പേരും ചേർന്ന് വീഗാലാന്റിലേക്ക് യാത്ര പോയി. അന്ന് രാത്രി എട്ട് മണിയോടെ കായംകുളത്ത് തന്നെ തിരിച്ചെത്തി. എന്നാൽ രാത്രി തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. ചൊവ്വാഴ്ച മുതൽ പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് സൂപ്പർഫാസ്റ്റിൽ കയറിയ അദ്ദേഹം കോട്ടയത്ത് പിടിയിലാവുകയായിരുന്നു. കോഴിക്കോട് നിന്ന് കൊട്ടാരക്കരയ്ക്ക് ടിക്കറ്റ് എടുത്തായിരുന്നു നിഖിൽ തോമസിന്റെ യാത്ര. രണ്ട് കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് നിഖിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചേർത്തല കുത്തിയതോട് നിന്നാണ് നിഖിലിന്റെ സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിലായത്. ഇവരാണ് നിഖിലിന് വർക്കലയിൽ താമസ സൗകര്യം ഏർപ്പാടാക്കിയത്. ഇന്നലെ വൈകിട്ട് മുതൽ നിഖിൽ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ നിഖിലിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.