സ്കൂള്‍ തുറക്കുന്നതിനാല്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോത്തുകല്‍ ടൗണിലെത്തിയതായിരുന്നു ആതിര. ഇതിനിടെയാണ് റോഡരികില്‍ പാട്ട് പാടി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന യുവതിയെ കണ്ടത്. ചുമ കാരണം പാടാന്‍ പ്രയാസപ്പെട്ട യുവതിയോട് വിശ്രമിക്കാനാവശ്യപ്പെട്ടായിരുന്നു ആതിരയുടെ രംഗപ്രവേശം. താലോലം എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് ശ്രുതിമധുരമായ ഈണത്തില്‍ അവതരിപ്പിച്ച വിഡിയോ കാഴ്ചക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ പാട്ട് പ്രചാരം നേടുകയായിരുന്നു.
കവളപ്പാറ ദുരന്തത്തില്‍ പാതാറില്‍ വലിയ നഷ്ടം സംഭവിച്ച കുടുംബങ്ങളിലൊന്നായ കൊച്ചാനിമൂട്ടില്‍ അനീഷിന്റെയും ദീപയുടെയും മകളാണ് ആതിര. ദീപയുടെ കുടുംബവീട്ടില്‍ താമസിച്ചുവരവെ പ്രളയഭീതിയെ തുടര്‍ന്ന് താമസം മാറി. ബാങ്ക് വായ്പയും ചേര്‍ത്ത് വാങ്ങിയ ആറ് സെന്റ് ഭൂമിയും ഉപേക്ഷിക്കേണ്ടിവന്നു. ഒന്നര വര്‍ഷമായി പോത്തുകല്ലില്‍ ക്വാര്‍ട്ടേഴ്സിലാണ് താമസം. അനീഷിന്റെ തുച്ഛവരുമാനം കൊണ്ട് വീട് സ്വപ്നം മാത്രമായി തുടരുകയാണ്. കാരുണ്യത്തിന്റെ കലാകാരിക്ക് വീടും സ്ഥലവും ഒരുക്കാന്‍ അധ്യാപകര്‍, പി.ടി.എ, മാനേജ്മെന്റ്, പൂര്‍വവിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി തിങ്കളാഴ്ച ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കും.