സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിൻെറെ ഭാഗമായാണ് പുതിയ തീരുമാനം.പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാണ് എയർ ഇന്ത്യ എക്സ് പ്രസ് തുടങ്ങിയത്. പ്രവാസികൾക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സർവ്വീസ് തടുങ്ങിയ കാലം മുതൽ നൽകിയിരുന്നു. ഇന്നു മുതൽ ഇനി സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്ന് എയർ ഇന്ത്യ സിഇഒ നിർദ്ദേശം നൽകി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം ഓൺ ലൈൻ വഴി തെരഞ്ഞെടുത്ത് പണമടക്കാം, അല്ലെങ്കിൽ വിമാനത്തിനുള്ളിൽ പണം നൽകിയും യാത്രക്കാർക്ക് ഭക്ഷണം വാങ്ങാാം. അടിക്കടി ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പിന്നാലെ സൗജന്യമായി നൽകിയിരുന്ന ലഘുഭക്ഷണ കിറ്റും നിർത്തിയത് പ്രവാസികൾക്കേറ്റ തിരിച്ചടിയാണ്.
ടാറ്റ എയർ ഇന്ത്യ എക്സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വർദ്ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ. ക്യാബിൻ ക്രൂവിന് ത്രീ സ്റ്റാർ ഹോട്ടലുകളിൽ പ്രത്യേക മുറികളാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിരുന്നത്. ഇത് നിർത്തിലാക്കി എയർ ഇന്ത്യ എക്സപ്രസ് സിഇഒ അലോക് സിംഗ് ഉത്തരവിറക്കിയിരുന്നു. ഡെപ്യൂട്ടിമാനേജർ വരെയുള്ള ജീവനക്കാരിൽ രണ്ടു പേർ ഒരു മുറിയിൽതാമസിക്കണമെന്നാണ് പുതിയ തീരുമാനം. ഇതിനെതിരെ ജീവനക്കാർ ഡൽഹിയിലെ ലേബർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ദീർഘനേരം വിമാനയാത്ര ചെയ്യുന്ന ജീവനക്കാർക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്തത് മികച്ച സേവനത്തെയും സുരക്ഷയെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ വാദം. ഇതേ കുറിച്ച് ചർച്ച ചെയ്യാൻ സിഇഒ വിളിച്ച യോഗത്തിലും തീരുമാനമുണ്ടായില്ല. സൗജന്യ ഭക്ഷണം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർക്കാരിന് പരാതി നൽകുമെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു.