കെഎസ്ഇബി പേരിൽ വ്യാജ കോൾ, പിന്നാലെ ഫോണിൽ ലിങ്കും; ക്ലിക്ക് ചെയ്ത മലപ്പുറത്തെ യുവാവിന് പണം നഷ്ടമായി

മലപ്പുറം: കെ എസ് ഇ ബിയുടെ പേരിൽ വിളിച്ച വ്യാജ കോളിന് പിന്നാലെ എ ടി എം കാർഡിലെ നമ്പറും ഒ ടി പിയും അയച്ചുകൊടുത്തതോടെ യുവാവിന് പണം നഷ്ടമായി. വ്യാജ കോളിൽ 19000 രൂപയാണ് യുവാവിന് നഷ്ടമായത്. കെ എസ് ഇ ബിയിൽ നിന്നാണെന്ന് പറഞ്ഞ് ബിൽ അടക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. കാരത്തൂർ കാളിയാടൻ ഷാഹിൻ റഹ്‌മാന്റെ അക്കൗണ്ടിൽ നിന്നാണ് 19,000 രൂപ നഷ്ടമായത്.

വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലിൽ വിളിച്ച അജ്ഞാതൻ കെ എസ് ഇ ബിയിൽ നിന്നാണെന്നും താൻ അയച്ച മെസ്സേജിലെ ലിങ്കിൽ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എ ടി എം കാർഡിലെ നമ്പറും ഇതിനൊപ്പം ഒ ടി പിയും ഷാഹിൻ അയച്ച് കൊടുത്തതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. രണ്ട് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഷാഹിൻ തിരൂർ പൊലീസിൽ പരാതി നൽകി.

ഇരിങ്ങാലക്കുട കോളേജിൽ പഠിക്കുന്ന ഷാഹിൻ പഠനാവശ്യങ്ങൾക്കായി എടുത്ത കേരള ഗ്രാമീൺ ബാങ്ക് തൃശൂർ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇത്തരത്തിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടതാണ് സൂചന. ഷാഹിനെ വിളിച്ച അജ്ഞാത നമ്പറിൽ നിന്ന് സമാന കാര്യം പറഞ്ഞ് നിരവധി പേർ കബളിപ്പിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. എ ടി എം കാർഡിലെ നമ്പറും ഒ ടി പിയും മറ്റും യാതൊരു കാരണവശാലും ആർക്കും കൈമാറുതെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും പൊലീസ് വ്യക്തമാക്കി.