റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കടകൾ അടച്ചുപൂട്ടൽ ഭീഷണി

തിരുവനന്തപുരം: റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കൊറോണക്കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകാതെയാണ് സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തെറേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. എന്നാൽ കോറോണ കാലത്തെസൗജന്യ കിറ്റ് വിതരണം സേവനമായി കരുതണമെന്നാണ് സർക്കാരിന്റെ നിലപാട്.

സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള കുടിശ്ശികയും വ്യാപാരികൾക്ക് കിട്ടാനുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 31ന് മുമ്പ് കമ്മിഷൻ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ല. എന്നാൽ സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള സാധനങ്ങൾ വിതരണം ചെയ്തവർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും സർക്കാർ കമ്മീഷൻ നൽകി. കൊറോണ കാലത്തും ഓണത്തിനുമായി 12 മാസമാണ് റേഷൻ കടകൾ വഴി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഇതിൽ രണ്ട് മാസത്തെകമ്മീഷനായി കിറ്റ് ഒന്നിന്ന് അഞ്ച് രൂപ വീതം വ്യാപാരികൾക്ക് ലഭിച്ചു.

2018 ജൂലൈ 31ലെ വേതന പാക്കേജ് പ്രകാരം 45 ക്വിന്റൽ വിതരണം ചെയ്താൽ 18000 രൂപയാണ് വ്യാപാരികൾക്ക് ലഭിക്കുക.എന്നാൽ ഇക്കഴിഞ്ഞജനുവരിയിൽ സംസ്ഥാനത്തെ 14257 റേഷൻ കടകളിൽ 3000 ത്തിലധികം വ്യാപാരികൾക്ക് 10000 രൂപയിൽ താഴെയും 5000 ത്തോളം പേർക്ക് 20000 രൂപയിൽ താഴെയുമാണ് വരുമാനം ലഭിച്ചത്. 2000 പേർക്ക് മാത്രമാണ് 25,000 രൂപയിൽ കൂടുതൽ വരുമാനം ലഭിച്ചത്. കടമുറി വാടക ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ കഴിഞ്ഞാൽ കാര്യമായ നേട്ടം ഉണ്ടാകുന്നില്ല. തുടർച്ചയായുള്ള ഇപോസ് സെർവർ തകരാരും പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നതും തിരിച്ചടിയാകുന്നുണ്ട്.