പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയായിട്ടും അധികൃതർ അനങ്ങുന്നില്ല

ആറ്റിങ്ങൽ : പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയായിട്ടും അധികൃതർ അനങ്ങുന്നില്ല. തിങ്കളാഴ്ച രാത്രിയിൽ വെള്ളക്കെട്ടിലിറങ്ങിയ കാർ നിയന്ത്രണംവിട്ട് വശത്തേക്കിടിച്ചുകയറി. രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മൂന്ന് അപകടങ്ങളിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായി. യാത്രക്കാർ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പൂവമ്പാറ മാടൻനട ദേവീക്ഷേത്രത്തിനു മുൻവശത്താണ് വൻ വെള്ളക്കെട്ടുണ്ടാകുന്നത്. വേനൽമഴയിലുണ്ടായ വെള്ളക്കെട്ടിലാണ് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.മേയ് 14-ന് പുലർച്ചെ ഇവിടെ വെള്ളക്കെട്ടിലിറങ്ങി നിയന്ത്രണംവിട്ട കാർ നടപ്പാതയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കമ്പിവേലിയിലിടിച്ച് അപകടത്തിൽപ്പെട്ടു. ഈ അതിനുശേഷവും അധികൃതർ അനങ്ങാപ്പാറനയം തുടരുകയാണ്.

ചാറ്റൽമഴയിലും വെള്ളക്കെട്ട്

: ഒരു വർഷംമുമ്പ് ദേശീയപാതയിൽ നടത്തിയ നവീകരണപ്രവർത്തനങ്ങളാണ് ഇവിടെ വെള്ളക്കെട്ടിനിടയാക്കിയത്. ഈ ഭാഗത്ത് റോഡ് കിഴക്കുഭാഗത്തേക്ക്‌ ചരിഞ്ഞാണ് കടന്നുപോകുന്നത്. ഇവിടെ വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനങ്ങളൊരുക്കാതെ റോഡിൽ നിന്നുയർത്തി നടപ്പാത നിർമിച്ചു. അതോടെ മഴപെയ്താൽ റോഡിന്റെ ഇരുവശത്തുനിന്നുമുള്ള വെള്ളം ഈ ഭാഗത്തൊഴുകിയെത്തി കെട്ടിനില്ക്കാൻ തുടങ്ങി. നവീകരണത്തിനു മുമ്പ് ഈ ഭാഗത്തേക്ക് വെള്ളമൊഴുകിയെത്തിയിരുന്നെങ്കിലും സമീപത്തെ പുരയിടത്തിലേക്ക്‌ ഒഴുകിപ്പോകുമായിരുന്നു. കെട്ടിയുയർത്തി നടപ്പാത നിർമിച്ചതോടെ ഈ സാധ്യത ഇല്ലാതായി. ചാറ്റൽ മഴയിൽപ്പോലും ഇവിടെ വെള്ളം കെട്ടും. ഏകദേശം 50 മീറ്ററിലധികം നീളത്തിൽ റോഡിന്റെ പകുതിയോളം ഭാഗത്താണ് വെള്ളം കെട്ടിനില്ക്കുന്നത്. ആലംകോട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് വരുന്ന വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് സഞ്ചരിക്കുന്നതിനാൽ വെള്ളക്കെട്ടിലേക്കിറങ്ങും. വളവു കഴിഞ്ഞ് ഇറക്കമുള്ള ഭാഗമായതിനാൽ വാഹനങ്ങൾ മിക്കപ്പോഴും വേഗത്തിലായിരിക്കും കടന്നുവരുന്നത്. രാത്രിയിൽ ഇവിടെ വെള്ളക്കെട്ടുള്ളത് ദൂരെനിന്ന് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടില്ല. പെട്ടെന്ന് റോഡിൽ വെള്ളക്കെട്ട് കണ്ട് വാഹനങ്ങൾ വെട്ടിയൊഴിക്കുന്നതും ബ്രേക്കിടുന്നതുമാണ് അപകടത്തിനിടയാക്കുന്നത്.
ക്ഷേത്രകവാടത്തിനു മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്നത് ക്ഷേത്രത്തിലെത്തുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശക്തമായ മഴയിൽ റോഡിൽനിന്നുള്ള മലിനജലം ക്ഷേത്രവളപ്പിലേക്ക്‌ കയറും. ക്ഷേത്രഭാരവാഹികൾ വിഷയം ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി നിവേദനങ്ങൾ നല്കിയെങ്കിലും യാതൊരു പരിഗണനയും ഉണ്ടായിട്ടില്ല. പൂവമ്പാറ പാലത്തിലേക്കുള്ള റോഡിന്റെ ഭാഗത്താണ് വെള്ളക്കെട്ട്. ഇവിടെ മണ്ണിട്ടുയർത്തിയാണ് റോഡ് നിർമിച്ചിട്ടുള്ളത്. കെട്ടിനില്ക്കുന്ന വെള്ളം മുഴുവൻ ദിവസങ്ങളെടുത്ത് മണ്ണിൽ താഴുകയാണ്. ഇത് റോഡിന്റെ നാശത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്. ഇതിനു തൊട്ടടുത്തായി ബസ് സ്റ്റോപ്പുണ്ട്. ചെളിയും വെള്ളവും നിറഞ്ഞുകിടക്കുന്ന ഈ ഭാഗത്ത് ബസ് കാത്തുനില്ക്കുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്.

: ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ നിർമാണം ഇപ്പോൾ പൊതുജനത്തിനു വലിയ ദുരിതമാവുകയും അപകടങ്ങൾ തുടർക്കഥയാവുകയും ചെയ്തിട്ടും അധികൃതർ മൗനംപാലിക്കുകയാണ്. മഴ ശക്തമായാൽ ഇവിടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. അടിയന്തര ഇടപെടൽ ഇക്കാര്യത്തിലുണ്ടായില്ലെങ്കിൽ മഴക്കാലത്ത് ഇവിടെ വൻ ഗതാഗതക്കുരുക്കുമുണ്ടാകും.