ചിറയിൻകീഴ്: തുടർച്ചയായ അക്രമങ്ങളിലും മോഷണ പരമ്പരകളിലും ഉറക്കം നഷ്ടപ്പെട്ട് ചിറയിൻകീഴ് മേഖലയിലുള്ളവർ. കഴിഞ്ഞ രണ്ടുമാസത്തിനിടെ താലൂക്കിലെ വിവിധയിടങ്ങളിലായി ഇരുപത്തഞ്ചോളം മോഷണങ്ങളും പത്തോളം അക്രമസംഭവങ്ങളുമാണ് നടന്നത്. ചിറയിൻകീഴ് പുതുക്കരി ഗുരുമന്ദിരത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് ബുധനാഴ്ച നടന്ന കവർച്ചയാണ് ഏറ്റവും ഒടുവിലത്തേത്.
മുട്ടപ്പലത്ത് പ്രവാസിയുടെ വീട്ടിൽനിന്ന് 25 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്ന സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മോഷ്ടാക്കളെകുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.
അഴൂർ പെരുങ്ങുഴി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങളിലധികവും നടക്കുന്നത്. പെരുങ്ങുഴി റെയിൽവേ സ്റ്റേഷനു സമീപമുള്ള സതീദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പുരുഷ സ്വയംസഹായ സംഘത്തിന്റെ ഓഫീസും കുത്തിത്തുറന്ന മോഷ്ടാക്കൾ പണവും സാധനങ്ങളും അപഹരിച്ചിരുന്നു.
അഴൂർ ഗ്രാമപ്പഞ്ചായത്തിലെ ഗാന്ധിസ്മാരകത്തിനു സമീപം ബിന്ദുഭവനിൽ ബിനുവിന്റെ വീട്ടിൽനിന്ന് മൂന്നാഴ്ച മുൻപ് ഒരുലക്ഷത്തോളം രൂപയാണ് കവർന്നത്. പെരുങ്ങുഴി മൂന്നുമുക്കിനുസമീപം പുല്ലുകാട് വീട്ടിൽ നസീമയുടെ വീട് കുത്തിത്തുറന്ന് അഞ്ചുപവനോളം സ്വർണാഭരണവും അലമാരയിൽനിന്ന് പണവും മോഷ്ടിച്ചു. കൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. കഴിഞ്ഞയാഴ്ച കിഴുവിലം ഇരട്ടക്കലുങ്ങിനുസമീപം കുന്നത്തുമഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം നടത്തി.