ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ കാടുകളില്‍ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് പരിക്കേറ്റ അമ്മ നാലു ദിവസംകൂടി ജീവിച്ചിരുന്നുവെന്ന് മൂത്ത കുട്ടി ലെസ്‌ലി പറഞ്ഞു.
കുടുംബാംഗങ്ങളോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. രണ്ടാഴ്ചകൂടി കുട്ടികള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുംമെന്നാണ് റിപ്പോർട്ട്.
കുട്ടികള്‍ സംസാരിച്ചുതുടങ്ങിയെന്നും ബെഡില്‍ കഴിയുന്നതിനേക്കാള്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണു കുട്ടികള്‍ക്കു താത്പര്യമെന്നും ബന്ധുക്കള്‍ പറഞ്ഞു.
കൊളംബിയൻ വനത്തില്‍ മേയ് ഒന്നിനാണു കുട്ടികളും അമ്മയും മറ്റു രണ്ടു പേരും സഞ്ചരിച്ച വിമാനം തകര്‍ന്നുവീണത്. ഗുരുതരമായി പരിക്കേറ്റ, കുട്ടികളുടെ അമ്മ മഗ്ദലീന നാലുദിവസംകൂടി ജീവിച്ചുവെന്നു കുട്ടികളുടെ പിതാവ് മാനുവല്‍ റോണോക്ക് ആണ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അപകടസ്ഥലത്തുനിന്നു ദൂരേക്ക് പോകാനാണ്, മരിക്കുന്നതിനു മുന്പ് മഗ്ദലീന കുട്ടികളോടു പറഞ്ഞിരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാൻ റോണോക്ക് തയാറായില്ല. വിഷപ്പാമ്പുകളും വന്യമൃഗങ്ങളും പ്രാണികളും നിറഞ്ഞ വനത്തില്‍ മരപ്പൊത്തിലാണു കഴിഞ്ഞതെന്ന് ഒരു കുട്ടി പറഞ്ഞുവെന്ന് കുട്ടികളുടെ അമ്മാവൻ ഫിദെൻസിയോ വലൻസിയ അറിയിച്ചു.
കുട്ടികള്‍ ചെറിയതോതില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ട്. നടക്കണമെന്നുള്ള ആഗ്രഹം ഒരു കുട്ടി പ്രകടിപ്പിക്കുന്നുമുണ്ട്.
തെരച്ചില്‍സംഘം അപാപോറിസ് മേഖലയിലെ ആമസോണ്‍ കാട്ടില്‍ വിമാനം തകര്‍ന്നുവീണു കാണാതായ മൂന്നു പെണ്‍കുട്ടികളെയും ഒരാണ്‍കുട്ടിയെയും വെള്ളിയാഴ്ചയാണു കണ്ടെത്തിയത്.