മെസി ഇനി അമേരിക്കൻ മണ്ണിൽ പന്ത് തട്ടും. താരവുമായി കരാർ ഒപ്പിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ ഫുട്ബോൾ ക്ലമ്ബ് ഇന്റർമിയാമി. എന്നാൽ, ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപ് തന്നെ മെസി സ്പാനിഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഈ വിഷയം പ്രഖ്യാപിച്ചിരുന്നു. പണത്തിന് വേണ്ടിയല്ല താൻ ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടതെന്ന് അദ്ദേഹം അറിയിച്ചു. പണമുണ്ടാക്കാൻ ആണെങ്കിൽ തനിക്ക് അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയാൽ മതിയായിരുന്നു. പണത്തിന് വേണ്ടിയായിരുന്നേൽ അത് മതിയായിരുന്നു. പണം മുന്നിൽ കണ്ടല്ല, മറിച്ച് മറ്റ് എവിടെയെങ്കിലും പോയി കളിക്കണം എന്നതായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.2021 – ൽ സാമ്പത്തിക പ്രതിസന്ധി മൂലം എഫ്‌സി ബാഴ്സലോണ വിടേണ്ടി വന്ന താരം പിന്നീടുള്ള രണ്ടു വർഷം ഫ്രാൻസിൽ പാരീസ് സെയിന്റ് ജെർമെയ്‌നിന്റെ തട്ടകത്തിലായിരുന്നു. രണ്ടു വർഷമായിരുന്നു ക്ലബ്ബുമായി താരത്തിന്റെ കരാർ. ഈ വർഷം അവസാനിച്ച കരാർ നീട്ടാൻ പിഎസ്ജി നേരത്തേ തയാറെടുത്തിരുന്നു. നിരന്തരമായ ചർച്ചകളും നടത്തിയി. താരത്തെ ക്യാമ്പ്നൗവിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി ബാഴ്സയും ചരടുവലി ശക്തമാക്കി. ഇതിനിടെ, സൗദി ക്ലബ് അൽ ഹിലാലും രംഗത്തെത്തി. അമേരിക്കൻ ക്ലബ് ഇന്റർ മിയാമി രണ്ടു വർഷം മുൻപ് തന്നെ മെസിയിൽ നോട്ടമിട്ടിരുന്നു.പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ ക്ലബ് ആരാധകർ മെസിയെ കളിക്കളത്തിൽ കൂവിവിളിക്കാൻ തുടങ്ങിയത് സാഹചര്യത്തിന്റെ ഗതി മാറ്റി. കൂടാതെ, ക്ലബ്ബിനെ അറിയിക്കാതെയുള്ള താരത്തിന്റെ സൗദി സന്ദർശനം വിവാദത്തിലായി. തുടർന്ന്, താരത്തിന്റെ കരാർ പുതുക്കേണ്ടെന്ന് ക്ലബ് തീരുമാനിച്ചു. തുടർന്ന്, മെസി ബാഴ്‌സയിലേക്ക് തരികെ എത്തുമെന്നുള്ള റിപ്പോർട്ടുകളും ചർച്ചകളും സജീവമായിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാതിരുന്ന ബാഴ്സക്ക് താരത്തെ ടീമിൽ എത്തിക്കണമെങ്കിൽ ധാരാളം കടമ്പകളുണ്ടായിരുന്നു. ഇതാണ് മെസിയെ പുറകോട്ട് വലിച്ചത്. കൂടാതെ, സൗദി അറേബ്യയിൽ നിന്നുമേന്തിയ കൂറ്റൻ സാലറി വാഗ്ദാനം ചെയ്യുന്ന അൽ ഹിലാലിന്റെ ഓഫർ കൂടി നിരസിച്ചാണ് മെസി ഇന്റർ മിയമിയുമായി കരാർ ഒപ്പിട്ടത്. മുൻ സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റർ മിയാമി.