ആലംകോട് ഗവ.എൽ പി എസിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടന്നു.

ആലംകോട് :ആലംകോട് ഗവ.എൽ പി എസിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടന്നു.പ്രധാനമായും വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ പരിപാടികളാണ് നടന്നത്. പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം സീനിയർ അസിസ്റ്റന്റ് ഷംന ടീച്ചർ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സർക്കാർതലത്തിൽ പ്രത്യേകം തയ്യാറാക്കിയ സന്ദേശം വിദ്യാർത്ഥികളെ കേൾപ്പിക്കുകയും ചെയ്തു. ആറ്റിങ്ങൽ എ ഇ ഒ വിജയകുമാരൻ നമ്പൂതിരി മുഖ്യാതിഥിയായി ചടങ്ങുകളിൽ പങ്കെടുത്തു. ദിനാചരണത്തിന്റെ സന്ദേശം വിദ്യാർത്ഥികളുമായി അദ്ദേഹം പങ്കുവെച്ചു. സ്കൂൾ ക്യാമ്പസിനെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആയി അദ്ദേഹം പ്രഖ്യാപിച്ചു.
 ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രധാനപ്പെട്ട പരിപാടിയായിരുന്നു സ്കൂളിന്റെ സമീപത്ത് പാതയോരങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ. മുൻസിപ്പൽ കൗൺസിലർ എ നജാമിൻ്റെ സാന്നിധ്യമുണ്ടായിരുന്നു.അടുക്കളത്തോട്ടം നിർമ്മാണത്തിനും ഇന്ന് തുടക്കം കുറിച്ചു. ദിനാചരണ സന്ദേശ ഗാനങ്ങൾ വിദ്യാർത്ഥികൾ ഒറ്റയ്ക്കും കൂട്ടായും ആലപിച്ചു. ഫെഡറൽ ബാങ്കിന്റെ പ്രതിനിധികൾ സ്കൂളിലെത്തിച്ചേരുകയും വൃക്ഷത്തൈ വിതരണ പരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു.പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരങ്ങൾ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഫലവൃക്ഷത്തൈകൾ നൽകുകയും വീടുകളിൽ നട്ടുപിടിപ്പിച്ച് അതിന്റെ റിപ്പോർട്ടുകൾ നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ എച്ച് എം റീജ സത്യൻ, അധ്യാപകരായ സുധീർ എ എസ്, വിജിത, അതുല്യ , അജി , പ്രതിഭ എന്നിവർ നേതൃത്വം കൊടുത്തു.