അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നു; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം

കനത്ത മഴ മുന്നറിയിപ്പിനിടെ അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് നിലവില്‍ പത്ത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്. ഇരുഷട്ടറുകളും 20 സെന്റിമീറ്റര്‍ കൂടിയാണ് കൂടുതലായി ഉയര്‍ത്തുന്നത്. പ്രദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു.മഴ ശക്തമാകുന്നതിനിടെ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന്
വടക്ക് – വടക്ക് പടിഞ്ഞാറുദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് മഴക്ക് കാരണമാകും. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും.ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.