തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഡിആർഐ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ് , നിധിൻ എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കൊച്ചിയിലെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. രണ്ട് ദിവസം മുൻപ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ചോദ്യം ചെയ്യൽ. പിടിയിലായ പ്രതികൾ വിമാനത്താവളത്തിൽ വെച്ച് ബഹളം വെച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചതിച്ചെന്നാണ് മൂന്ന് പേർ ബഹളം വെച്ചത്. ഇവരെ പിന്നീട് ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ഉദ്യോഗസ്ഥർ തങ്ങളെ മുൻപും സ്വർണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങിയിരിക്കുന്നത്.