ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍

എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് ശ്രീനാഥിനെയാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.കൊല്ലം കൊട്ടാരക്കര മാങ്കോട് മതിര തൂറ്റിക്കല്‍ ശ്രീകലയില്‍ ശ്രീനാഥിന്റെ ആദ്യ വിവാഹം 2021 ഫെബ്രുവരിയിലായിരുന്നു.

നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു വര്‍ഷം മുന്‍പ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെയും ശ്രീനാഥ് വിവാഹം കഴിച്ചു. വിവാഹസമ്മാനമായി 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്ട് കാറും കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ആദ്യവിവാഹത്തെ കുറിച്ചറിഞ്ഞ രണ്ടാം ഭാര്യ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു

ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിയെ നെടുമങ്ങാട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജി.ഉജ്ജ്വല്‍ കുമാറിന്റെ നേതൃത്വത്തില്‍ സി ബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.എസ്.ഐ ഷംനാദ്, സി.പി.ഒമാരായ സതീഷ്, ആല്‍ബിന്‍, ബിന്ദു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.