അമ്മ മീൻ വാങ്ങിയതിൽ തർക്കം, മകൻ ചോദിക്കാൻ ചെന്നു; ആലപ്പുഴയിൽ കടക്കാരന്‍റെ ക്രൂരത, കുത്തിക്കൊന്നു, ശേഷം ഒളിവിൽ

അരൂർ: വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ മധുവിന്‍റെ മകൻ മിഥുൻ (29 ) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി ഒളിവിലാണ്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വൈകിട്ട് മിഥുന്‍റെ അമ്മ തുറവൂർ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങിയിരുന്നു. തൊട്ടടുത്ത് മീൻ വിൽപ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഇതിനെതിരെ അമ്മയോട് അസഭ്യം പറഞ്ഞിരുന്നു. വിവരം അമ്മ അറിയിച്ചതോടെ മകൻ മിഥുൻ ചോദിക്കാൻ എത്തിയതോടെയാണ് സനദേവ് ക്രൂര കൃത്യം നടത്തിയത്.അമ്മയോടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്യാൻ മകൻ മിഥുൻ ചോദ്യം ചെയ്യാനെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ സംഘർഷവുമുണ്ടായി. പ്രകോപിതനായ സനദേവ് മിഥുനെ കത്തി എടുത്ത് കുത്തുകയുമായിരുന്നു എന്നാണ് വിവരം. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഡ്രൈവറാണ് മിഥുൻ. പ്രതി സനദേവിനായി കുത്തിയതോട് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സനദേവ് നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.