കൊല്ലം ∙ ഇന്ത്യൻ കോഫി ഹൗസിലെ തീൻ മേശയ്ക്ക് മുന്നിലെ രുചിയും ചൂടും നിറഞ്ഞ ബൗദ്ധിക ചര്‍ച്ചകളും ഇനി ഓര്‍മയായി മാറുന്ന രീതിയിലേക്ക്.
58 വര്‍ഷം കൊല്ലം നഗരത്തിലെ സാമൂഹിക - സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം ഇനി ഒരാഴ്ച കൂടി മാത്രം. 15നു മുൻപ് അടച്ചു പൂട്ടാനാണ് തീരുമാനം.
നിലനിന്നു പോകുന്നതിന് ആവശ്യമായ വരുമാനം ഇല്ലെന്നു പറഞ്ഞാണ് കൊല്ലം കോഫി ഹൗസ് അടച്ചു പൂട്ടുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ കാര്യാലയത്തില്‍ നിന്നു സെക്രട്ടറി ഉള്‍പ്പെടെ എത്തിയിരുന്നു. നിലവില്‍ കോഫി ഹൗസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കാലാവധി 15 ന് അവസാനിക്കുമെന്നും ഇതോടെ കോഫി ഹൗസ് അടച്ചുപൂട്ടി ജീവനക്കാരെ കൊട്ടാരക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത് ഇപ്പോൾ.
തൊഴിലാളികളുടെ സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസ് 1965 ജൂലൈ 27 നാണ് കൊല്ലത്ത് ആരംഭിച്ചത്. കപ്പലണ്ടി മുക്കില്‍ ആയിരുന്നു തുടക്കം. പിന്നീട് ഇത് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് അര്‍ച്ചന - ആരാധന തിയറ്റര്‍ സമുച്ചയത്തിലേക്ക് 2014 ല്‍ കോഫി ഹൗസ് മാറിയത്. ഇതോടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. എങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമം ആയിരുന്നു ഇതുവരെ.
ഒന്നര പതിറ്റാണ്ടായി പുതിയ നിയമനം ഇല്ലാത്തതിനാല്‍ ജീവനക്കാരുടെ കുറവും നേരിടുന്നു. രണ്ടു മാസത്തിനിടയില്‍ കോഫി ഹൗസിന്റെ വിവിധ ശാഖകളില്‍ നിന്നു അൻപതിലേറെ ജീവനക്കാര്‍ വിരമിച്ചു. 90 പേര്‍ക്ക് ഇരിപ്പിടമുള്ള ഇവിടെ ഭക്ഷണം നല്‍കുന്നതിന് 2 പേര്‍ മാത്രമാണുള്ളത്.ആകെ ജീവനക്കാര്‍ 20 പേരും.
സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ നേതാക്കളുടെ ബൗദ്ധിക ചര്‍ച്ചകളുടെ ഇടമായിരുന്നു ഇന്ത്യൻ കോഫി ഹൗസ്. പഴയ കാലത്തെ തിരക്ക് ഇല്ലെങ്കിലും പതിവായി ഇവിടെയെത്തി ദീര്‍ഘനേരം ചര്‍ച്ച നടത്തുന്ന കൂട്ടായ്മകള്‍ ഇപ്പോഴും ഉണ്ട്. അതെല്ലാം കൊല്ലത്തിന്റെ ഗതകാല സ്മരണകളായി അവശേഷിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്.