ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും പിതാവും അറസ്റ്റിൽ. കഴിഞ്ഞ മാസം 31ന് രാവിലെ 8ന് ആണ് പതിനേഴുകാരിയെ വീട്ടിൽനിന്നു കാണാതായത്. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടിയും യുവാവും ആര്യങ്കാവ് കോളനിയിൽ ഇവർ താമസിക്കുന്ന സ്ഥലത്തുണ്ടെന്ന് വ്യക്തമായി. പൊലീസെത്താനുള്ള സാധ്യത കണ്ട് വനത്തിലെ പാറയിടുക്കിൽ കഴിയാൻ സൗകര്യമൊരുക്കുകയായിരുന്നു. തുടർന്ന് എസ്ഐ സായ്‌സേനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഫ്തിയിൽ സ്ഥലത്തെത്തി. 2ന് രാത്രി 10.15ന് വന മേഖലയിൽ നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും യുവാവ് കടന്നുകളഞ്ഞു. തുടർന്ന് കുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്.വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത് പുനലൂർ ആര്യങ്കാവ് പട്ടികവർഗ കോളനിയിൽ പ്രകാശ് (18), കൂട്ടുനിന്ന പിതാവ് തമിഴ്നാട് തെങ്കാശി ആൾവാർകുറിശി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ (44) എന്നിവരെയാണ്. പലതവണ യുവാവ് പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയുടെ മൊഴി തിരുവല്ല സിജെഎം കോടതി രേഖപ്പെടുത്തിയിരുന്നു. വെച്ചൂച്ചിറ ഇൻസ്പെക്ടർ ജർലിൻ വി.സ്കറിയയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയെ പൊലീസ് സംഘം കടത്തറ കാടിനോടു ചേർന്ന പുറമ്പോക്കിൽ നിന്ന് ഗണേശനെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്നു ലഭിച്ച വിവരം അനുസരിച്ച് ആര്യങ്കാവ് കോളനിയിലെ ബന്ധുവീട്ടിൽ നിന്ന് പ്രകാശിനെയും പിടികൂടി.