തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; മൂന്നംഗസംഘം അറസ്റ്റില്‍

തിരുവനന്തപുരം: കണിയാപുരം പാച്ചിറയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതികളായ വാവറ അമ്പലം മണ്ഡപകുന്ന് എ.പി. മന്‍സിലില്‍ അന്‍വര്‍ (37), അണ്ടൂര്‍ക്കോണം പറമ്പില്‍പാലം എ.എ. മന്‍സിലില്‍ അനീഷ് (36), പറമ്പില്‍പ്പാലം പണയില്‍ വീട്ടില്‍ റാഷിദ് (28) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പാച്ചിറ തുപ്പട്ടീല്‍ വീട്ടില്‍ സുധീറി(41)നെയാണ് സംഘം അക്രമിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ കാറിലെത്തിയ അക്രമി സംഘം പാച്ചിറയിലെ ഹോട്ടലിന് സമീപം ചായകുടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന അഞ്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത സുധീറിനെ സംഘം തറയില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ മുമ്പ് ഇതേ സംഘത്തിലെ രണ്ടു പ്രതികള്‍ പാച്ചിറ സ്വദേശിയായ ഫെമിലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായിട്ടുണ്ട്. പിടിയിലായ മൂന്ന് പ്രതികള്‍ക്കും നിരവധി കേസുകള്‍ നിലവിലുള്ളതായി മംഗലപുരം പൊലീസ് പറഞ്ഞു.