ബിരിയാണിയും പെട്രോളും മോതിരവും; ദളപതിയുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിച്ചു.രാജ്യത്തുടനീളമുള്ള ആരാധകർ സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് ദളപതി വിജയ്‌യുടെ ജന്മദിനം ആവേശത്തോടെ ആഘോഷിക്കുകയാണ്. സൗജന്യ സ്വർണ്ണ മോതിരം മുതൽ പെട്രോളും ബിരിയാണിയും വരെ ഇതിൽ ഉൾപ്പെടുന്നു.
വിജയ്‌യുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോയമ്പത്തൂരിലെ ആരാധകർ നവജാത ശിശുക്കൾക്ക് സ്വർണ്ണമോതിരം സമ്മാനിച്ചു. ഫുഡ് ഡെലിവറി പങ്കാളികൾക്ക് അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതിനായി 220 രൂപ വിലമതിക്കുന്ന ചിക്കൻ ബിരിയാണിയും പെട്രോളും സമ്മാനിച്ചാണ് മധുരയിലെ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്.വിജയ്‌യുടെ 49-ാം പിറന്നാൾ ആഘോഷിക്കാൻ പുതുച്ചേരിയിലെ ആരാധകർ കടലിൽ തൂണുകളിൽ ബാനർ സ്ഥാപിച്ചു. അതേസമയം താരത്തിന്റെ പുതിയ ചിത്രമായ ലിയോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പങ്കുവെച്ചു. സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.
ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.