ചൊവ്വാഴ്ച രാത്രി 11 മണിയോടെ വർക്കല ക്ഷേത്രം റോഡിൽ നടയ്ക്കാമുക്കിനു സമീപമാണ് സംഭവം. ബൈക്കിന്റെ പെട്രോൾ തീർന്നതിനെത്തുടർന്ന് അസീം റോഡരികിൽ നിൽക്കുകയായിരുന്നു. ഈ സമയത്താണ് അസീമിന്റെ പരിചയക്കാരനായ അഖിലും കൈലാസ് നാഥും ബൈക്കിൽ അതുവഴി പോയത്. അഖിലിനെ അസീം വിളിച്ച് പെട്രോൾ വാങ്ങിനൽകാൻ ആവശ്യപ്പെട്ടു. അഖിൽ വിസമ്മതിച്ചതോടെ ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ, അസീം കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കൈലാസ് നാഥിന്റെ തലയിൽ കുത്തുകയായിരുന്നു.
തലയോട്ടിയിൽ തറയ്ക്കുന്ന രീതിയിൽ കുത്തുകയും കത്തിയുടെ പിടി ഒടിയുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൈലാസ് നാഥിനെ അഖിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സജിയുടെ നേതൃത്വത്തിൽ തലയിൽനിന്നു കത്തി നീക്കം ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചിലക്കൂർ ഭാഗത്തേക്ക് രക്ഷപ്പെട്ട അസീമിനെ രാത്രി തന്നെപോലീസ് പിടികൂടി. അസീം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൈലാസ് നാഥ് ഗുരുതരാവസ്ഥ തരണംചെയ്തതായി പോലീസ് അറിയിച്ചു. എസ്.ഐ.മാരായ അബ്ദുൽ ഹക്കീം, അഭിഷേക് എന്നിവരുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ. ഫ്രാങ്ക്ളിൻ, സി.പി.ഒ.മാരായ ഷിജു, നിജുമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.