പാപ്പനംകോട് ഗവൺമെന്റ് ഹൈസ്‌കൂളിന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബഹുനിലമന്ദിരം ഒരുങ്ങുന്നു. വിദ്യാഭ്യാസവകുപ്പിന്റെ 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവിൽ പണിയുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വിദ്യാലയങ്ങൾ ജീവിതനൈപുണ്യ കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതമാണെന്നും വിദ്യാഭ്യാസ സങ്കൽപങ്ങളിലും അധ്യയനരീതികളിലും വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി പരിശീലന പദ്ധതികൾ തയാറായി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഴ് വർഷത്തിനുള്ളിൽ 3,800 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസനങ്ങളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടന്നത്. വിദ്യാലയങ്ങൾ ഹൈടെക് ആയതോടെ പഠനനിലവാരവും ഉയർന്നു. നേമം മണ്ഡലത്തിൽ നിലവിൽ 265 കോടി 87 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും 31 കോടി രൂപ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവികസനങ്ങൾക്കായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പാണ് പ്രവർത്തി നിർവഹിക്കുന്നത്. 4,750 ചതുരശ്രയടി വിസ്തീർണത്തിൽ പണിയുന്ന കെട്ടിടത്തിന് മൂന്ന് നിലകളുണ്ട്. ആദ്യഘട്ടത്തിൽ ഫൗണ്ടേഷനും ഒന്നാം നിലയും പൂർത്തിയാക്കും. മൂന്ന് ക്ലാസ് മുറികൾ, ലൈബ്രറി, രണ്ട് ശുചിമുറികൾ, സ്റ്റാഫ് മുറി, വരാന്ത എന്നിവയാണ് ഒന്നാം നിലയിലുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നെയ്യാറ്റിൻകര സെക്ഷനാണ് നിർമാണ ചുമതല. 12 മാസത്തിനകം നിർമാണം പൂർത്തിയാക്കും.
പാപ്പനംകോട് എസ്‌റ്റേറ്റ് വാർഡ് കൗൺസിലർ സൗമ്യ. എൽ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ലൈജു എം.ജി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.