കൊച്ചി: അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിലെ മറ്റൊരു ഫോറസ്‌റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു കിറ്റക്‌സ് കമ്പനിയുടമയും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു എം.ജേക്കബ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയ ശേഷമായിരുന്നു പ്രസന നിർദ്ദേശം.
എന്തുകൊണ്ടാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു. ഹര്‍ജിയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്‌പദമാണെന്നു കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്‌റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവാദിത്തമെടുത്തിട്ടുണ്ട്. യുക്‌തമായ നടപടി സ്വീകരിക്കുന്നുണ്ട്. എന്ത് അടിസ്‌ഥാനത്തിലാണ് ഇക്കാര്യത്തില്‍ ഇടപെടുന്നത്. ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ഭയത്തിലാണു കഴിഞ്ഞിരുന്നത്.
ഇപ്പോഴാണ് ആശ്വാസമായത്. തമിഴ്‌നാട് ഉദ്യോഗസ്‌ഥരും അധികൃതരും ആനയോടു ക്രൂരത കാട്ടിയെന്ന് ഹര്‍ജിക്കാരനു വാദമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, തുമ്പിക്കൈയിലെ പരുക്ക് തമിഴ്‌നാട് ഉദ്യോഗസ്‌ഥരുടെയോ തദ്ദേശവാസികളുടെയോ എന്തെങ്കിലും പ്രവൃത്തി മൂലമാണെന്ന് ആരോപണമില്ലെന്നും പറയുകയുണ്ടായി .ആനയെ തമിഴ്‌നാട്ടിലെ നിബിഡ വനത്തില്‍ കൊണ്ടുവിടാനാണു തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. ഉത്തരവിന്റെ നിയമസാധുത ഹര്‍ജിയില്‍ ചോദ്യം ചെയ്‌തിട്ടില്ല.
തമിഴ്‌നാട്ടില്‍നിന്നു കേരളത്തില്‍ കൊണ്ടുവന്ന് അതിനെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തില്‍ എന്താണു പൊതുതാല്‍പര്യമെന്നു ആരാഞ്ഞെങ്കിലും വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ മറുപടി ലഭിച്ചില്ലെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.