ആലപ്പുഴയിൽ ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാൾ മയക്കുമരുന്നിനു അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ശ്രീമഹേഷിൻറെ വെട്ടേറ്റ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നക്ഷത്രയെ സ്വന്തം അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. നക്ഷത്രയുടെ സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം പത്തിയൂരിൽ അമ്മ വിദ്യയുടെ വീട്ടുവളപ്പിൽ നടക്കും.

വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു.

നക്ഷത്രയുടെ അമ്മ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്