സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ നാല് വയസുകാരൻ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (നാല്) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ആനക്കല്ല് തടിമില്ലിന് സമീപത്ത് വച്ച് കാർ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.