പോങ്ങുംമൂട്- പുന്നാവൂർ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കാട്ടാക്കട മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ പോങ്ങുംമൂട്- പുന്നാവൂർ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പൊതുമരാമത്ത് വകുപ്പ് നിർമാണം പൂർത്തിയാക്കുന്ന 58മത്തെ പാലമാണ് പോങ്ങുംമൂട്- പുന്നാവൂർ പാലമെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി പാലം നിർമാണം പൂർത്തിയാക്കിയതോടെ നാടിനാകെ ആശ്വാസമായി പദ്ധതി മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു .

മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂട്,പുന്നാവൂർ ഭാഗങ്ങളെ ബന്ധിപ്പിച്ച് നെയ്യാർ ഇറിഗേഷൻ കനാലിന് കുറുകെയാണ് പാലം പണിതത്. നിലവിലുണ്ടായിരുന്ന പാലത്തിന് കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതിനാൽ, ഒരു വരി ഗതാഗതം മാത്രമാണ് സാധ്യമായിരുന്നത്. 2021 ഡിസംബറിൽ പഴയപാലം പൊളിച്ചുമാറ്റി പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. 23.6 മീറ്റർ നീളത്തിലുള്ള പാലത്തിന്, വാഹനസഞ്ചാര പാതയും നടപ്പാതയും കൈവരിയും സഹിതം 11 മീറ്റർ വീതിയാണുള്ളത്. പാലത്തിന്റെ ഇരുകരകളിലായി 250 മീറ്റർ നീളത്തിൽ അനുബന്ധമായുള്ള റോഡിന്റെ നിർമാണവും പൂർത്തിയായി. 14 ഭൂവുടമകളിൽ നിന്നായി 8.06 ആർ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തു. പാലം വീതികൂട്ടി പുനർ നിർമിച്ചതോടെ മാറനല്ലൂർ പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായിരിക്കുകയാണ്. പുന്നാവൂർ, അരുവിക്കര, പെരുങ്കടവിള പ്രദേശങ്ങളിലേക്കും കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്ക് ആസ്ഥാനങ്ങളിലേക്കും ഇതുവഴി വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും.

ഐ. ബി. സതീഷ് എം. എൽ. എ. അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകർ എന്നിവരും പങ്കെടുത്തു.