സംസ്ഥാനത്ത് ഇ-പോസ് മെഷീനിലെ തകരാറുകൾ തുടർക്കഥയായതോടെ റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു.

സംസ്ഥാനത്ത് ഇ-പോസ് മെഷീനിലെ തകരാറുകൾ തുടർക്കഥയായതോടെ റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇതോടെ, ഗുണഭോക്താക്കൾ പലരും ഏറെ നേരം കാത്തുനിന്ന ശേഷം നിരാശരായാണ് മടങ്ങിയത്. കാർഡ് ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് വന്ന ഒടിപി ഉപയോഗിച്ച് പിന്നീട് റേഷൻ വിതരണം നടത്തിയിരുന്നു. എന്നാൽ, കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ കൊണ്ടുവരാത്തവർ വീടുകളിലേക്ക് മടങ്ങി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് 4 മണിക്ക് റേഷൻ കടകൾ തുറന്നപ്പോഴാണ് തകരാർ റിപ്പോർട്ട് ചെയ്തത്. ആധാർ അധിഷ്ഠിതമായാണ് ഇ-പോസ് മെഷീനുകളുടെ തുടക്കത്തിലെ പ്രവർത്തനം. പല റേഷൻ കടകളിലും റേഷൻ കാർഡ് ഉടമയുടെ വിരൽ പതിപ്പിച്ചപ്പോൾ തന്നെ തടസം നേരിട്ടിരുന്നു. ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ഇന്നലെ മാത്രം 3.62 ലക്ഷം പേർക്കാണ് റേഷൻ വിതരണം ചെയ്തത്. ഇതിൽ 82,018 പേർ ഒടിപി വഴിയാണ് റേഷൻ വാങ്ങിയത്. ജൂൺ മാസത്തിൽ തന്നെ നിരവധി തവണ ഇ-പോസ് മെഷീനുകൾ പണിമുടക്കിയിരുന്നു.