കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി കടയ്ക്കൽ പോലീസ്. ആറ്റിങ്ങൽ സ്വദേശി ആയിട്ടുള്ള 31 കാരനായ  ശ്യാമാണ് കടയ്ക്കൽ   പോലീസിന്റെ പിടിയിലായത്. ഇയാൾ കോട്ടുക്കൽ നിന്നാണ് വിവാഹം ചെയ്തിരിക്കുന്നത്.

 മുച്ചിറിയുള്ള ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഭാര്യ മുൻപ് കടയ്ക്കൽ പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. ആദ്യം പ്രതിക്കുറ്റം സമ്മതിച്ചില്ല. തുടർന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൃത്യം നടക്കുന്ന സമയം പ്രതി ഈ സ്ഥലത്ത് ഉണ്ടായിരുന്നതായി സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് മനസ്സിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

 കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചിരുന്ന പ്രതി റിട്ടയേർഡ് അധ്യാപികയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് സ്വർണ്ണവും പണവും അപഹരിക്കുകയുമായിരുന്നു.