സർക്കാർ അഭിഭാഷകരുടെ മേഖലായോഗം കളക്ടറേറ്റിൽ ചേർന്നു

ജില്ലകളിൽ സർക്കാർ അഭിഭാഷകരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറൽ, സ്‌റ്റേറ്റ് അറ്റോർണി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരുടെ നേതൃത്വത്തിൽ മേഖലാതല അവലോകനയോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തിരുവനന്തപുരം മേഖലാതല യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർമാരും അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുമാണ് പങ്കെടുത്തത്. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി, സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ, നിയമസെക്രട്ടറി ഹരി നായർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ്.ജെ, ജില്ലാ നിയമ ഓഫീസർമാർ എന്നിവരും യോഗത്തിലുണ്ടായിരുന്നു. സർക്കാർ കേസുകളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ എല്ലാ മാസവും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്യൂട്ട് യോഗങ്ങൾ ചേരണമെന്ന് യോഗം തീരുമാനിച്ചു. കേസുകൾ നടത്തുമ്പോഴുണ്ടാകുന്ന വിവിധ പ്രയോഗികപ്രശ്‌നങ്ങൾ യോഗം ചർച്ച ചെയ്തു. കോഴിക്കോട്, എറണാകുളം മേഖലകളിലും നേരത്തെ യോഗം സംഘടിപ്പിച്ചിരുന്നു.