രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിൻ്റെ മനസും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ഒഡിഷയിലെ ബാലസോർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ് ബാലസോറിൽ വെച്ച് അപകടത്തിൽപ്പെട്ടത്. രക്ഷാദൗത്യം അന്തിമഘട്ടത്തിലാണെന്നും ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ അറിയിച്ചു.
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.55 നാണ് രാജ്യത്തെയാകെ നടുക്കിയ അപകടമുണ്ടായത്.