കൊല്ലം ആയൂരിൽ 'ഇയോൺ' കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു

 കൊല്ലം: ആയൂർ വഞ്ചിപ്പെട്ടിയിൽ കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. പെട്രോളുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി. വളവിൽ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം. വെഞ്ഞാറമൂട്ടിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കർ ലോറിയെന്നാണ് വിവരം. പെട്രോൾ ചോർന്നോയെന്ന് പരിശോധിക്കുന്നുണ്ട്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആൾക്കാരെ പ്രദേശത്ത് നിന്ന് പൊലീസ് മാറ്റി. കാറിന് മുൻവശം പൂര്‍ണമായി തകർന്ന നിലയിലാണ്.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിലും അപകടമുണ്ടായി. വർക്കലയിൽ പൊലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ സ്കോർപ്പിയോ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. വാഹനം നിയന്ത്രണം തെറ്റി കല്ലുമലകുന്ന് വളവിൽ റോഡിന്റെ വശങ്ങളിലുള്ള ഉരുക്കു റെയിൽ കൊണ്ടുള്ള വേലിയിൽ കേറി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പോലീസ് വാഹനത്തിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരവാരം തോട്ടയ്ക്കാട് സ്വദേശി മുരളി (48), വർക്കല വെട്ടൂർ സ്വദേശി നൈഫ് (26), സ്കൂട്ടർ യാത്രക്കാരനുമാണ് പരിക്കേറ്റത്. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.