തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ ജീവനൊടുക്കി.

തൃശൂർ : തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ ജീവനൊടുക്കി. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.
സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

കഴിഞ്ഞ നാലാം തിയ്യതിയാണ് മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.