പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സച്ചിൻ പൈലറ്റിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഉണ്ടാകും.ഇന്ന് രാജസ്ഥാനിലെ ധൗസയിൽ സച്ചിൻ വിളിച്ച് ചേർത്ത രാജേഷ് പൈലറ്റ് അനുസ്മരണ സമ്മേളനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് വരെയും മനസ്സുതുറക്കാൻ സച്ചിൻ തയ്യാറായിട്ടില്ല എന്നതാണ് കോൺഗ്രസ് ഹൈക്കമാൻഡിനെ കുഴക്കുന്നത്.സച്ചിൻ പാർട്ടി വിടില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. എന്നാൽ സച്ചിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് ഹൈക്കമാൻഡ്.
ആഭ്യന്തരമന്ത്രി അമിത് ഷായും സച്ചിൻ പൈലറ്റിന്റെ തുടർ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അനുകൂല സാഹചര്യമുണ്ടായാൽ ഉടൻ ഇടപെടണം എന്ന നിർദ്ദേശം അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലേതിന് വ്യത്യസ്തമായി, രാജേഷ് പൈലറ്റ് അനുസ്മരണ സമ്മേളനത്തിൽ തന്റെ ശക്തി പ്രകടനമാക്കി മാറ്റാനുള്ള നീക്കത്തിലാണ് സച്ചിൻ പൈലറ്റ്. രാവിലെ 10 മണിക്ക് ഭണ്ടാണയിലാണ് സച്ചിൻ സമ്മേളനം വിളിച്ചിരുക്കുന്നത്.