കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍ 24 സൗത്ത് പര്‍ഗാന സ്വദേശി പ്രസോണ്‍ ജിത് സിദ്കറാണ് അറസ്റ്റിലായത്. ട്രെയിനില്‍ നിന്ന് ലഭിച്ച വിരലടയാളവും ദൃക്‌സാക്ഷിയുടെ മൊഴിയുമാണ് ഇയാള്‍ക്കെതിരെ നിര്‍ണായക തെളിവായി മാറിയത്. പ്രതിക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്ന് ഉത്തര മേഖല ഐജി നീരജ് കുമാര്‍ ഗുപ്ത വ്യക്തമാക്കി. ഭിക്ഷാടനം നടത്താന്‍ അനുവദിക്കാത്തതിന്റെ നിരാശയാണ് ഇയാള്‍ ആക്രമണം നടത്താന്‍ കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭിക്ഷാടനം നടത്തി ജീവിച്ചുവന്നിരുന്ന പ്രസോണ്‍ ജിത് മൂന്ന് ദിവസം മുന്‍പാണ് തലശേരിയിലെത്തിയത്. ഇവിടെ നിന്ന് നടന്നാണ് ഇയാള്‍ കണ്ണൂരിലെത്തിയത്. ഇതിനുമുന്‍പും ഇയാള്‍ കേരളത്തില്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. ഭിക്ഷാടനം നടത്താന്‍ കഴിയാത്തതും കാര്യമായ പണമൊന്നും ലഭിക്കാതിരുന്നതും കൊണ്ടുള്ള നിരാശയാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. മറ്റ് അട്ടിമറികളോ ഗൂഢാലോചനയോ നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.തീപ്പെട്ടി ഉപയോഗിച്ചാണ് ഇയാള്‍ തീവയ്പ്പ് നടത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വലിയ തോതിലുള്ള ഇന്ധനങ്ങളൊന്നും തന്നെ പ്രതി കൈയില്‍ കരുതിയിരുന്നില്ല. പ്രതിയെ കുറ്റകൃത്യം നടത്താന്‍ മറ്റാരും പ്രേരിപ്പിച്ചിട്ടില്ലെന്നും ആരുമായും പ്രതി ഗൂഢാലോചന നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.