ജിദ്ദ : ആഭ്യന്തര, വിദേശ തീർഥാടകരടക്കം 20 ലക്ഷത്തിലേറെ പേർ അറഫയിൽ സംഗമിച്ചു. വിശാലമായ അറഫ മൈതാനത്തെ നമിറാ പള്ളിയിൽ മുതിർന്ന പണ്ഡിത സഭാംഗം ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ്, അറഫ പ്രഭാഷണം നിർവഹിച്ചതോടെയാണ് സംഗമത്തിന് തുടക്കമായത്. പ്രവാചകൻ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയിൽ നടത്തിയ ചരിത്ര പ്രാധാന്യമുള്ള പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം നിർവഹിക്കുന്നത്. ഇന്ന് മധ്യാഹ്നം മുതൽ സൂര്യാസ്‍തമയം വരെയാണ് അറഫയിൽ തീർഥാടകർ സംഗമിക്കുന്നത്.ഭക്ഷണപാനീയങ്ങളും മറ്റും ഉപേക്ഷിച്ച് അറഫാദിനത്തിൽ വ്രതമെടുത്ത് ലോകമുസ്ലീംകൾ ഹജ്ജിനോട് ഐക്യപ്പെടുകയാണ്. മനമുരുകി പ്രാർഥനയുടെതാണ് ഈ ദിനം. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് രാപ്പാർക്കൽ. ശനിയാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിൽ വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.ഇന്ത്യയിൽ നിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽ സംഗമിച്ചു. ഇവിടെയും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അറഫയിൽ ട്രെയിൻ സ്‍റ്റേഷൻ രണ്ടിന് സമീപത്താണ് ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസ കേന്ദ്രം. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 84,000 തീർഥാടകർക്കും മെട്രോ ട്രെയിൻ സൗകര്യമുണ്ട്. അതുകൊണ്ട് 20 മിനിറ്റ് കൊണ്ട് മിനായിൽ നിന്നും അറഫയിൽ എത്താനാവും. മറ്റുള്ള തീർഥാടകർ ബസ് മാർഗമാണ് അറഫയിൽ എത്തുന്നത്. മക്കയിലെ ആശുപ്രതികളിൽ കഴിയുന്ന രണ്ടു മലയാളികൾ ഉൾപ്പടെ പതിനഞ്ചോളം തീർഥാടകരാണ് മിനായിൽ എത്താൻ കഴിയാതിരുന്നത്. ഇവരെ അറഫയിൽ നേരിട്ട് എത്തിക്കാനാവുമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ പറഞ്ഞു. അറഫയിൽ 47 ഡിഗ്രിക്ക് മുകളിൽ ചൂട് ഉയരും എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകൾ. ഇവയെ മറികടക്കാനുള്ള സംവിധാനങ്ങൾ അറഫയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം മെഡിക്കൽ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.