കൊച്ചി∙ ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ രണ്ടു ദിവസം മുൻപാണു പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയെ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതി മരിച്ചു.
തുടർന്ന് എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രതിയും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു യ. ഇവരുടെ വിദേശയാത്ര, കടബാധ്യതയിൽകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ യുവതിയെ മുഖത്ത് അടിച്ചു. താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി.
ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ചു കുളിമുറിയിൽ വീണു ബോധംനഷ്ടപ്പെട്ടതായി പറഞ്ഞു. പിന്നീട് വീട്ടുകാർ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണം. എസ്ഐമാരായ എയിൻബാബു, ഫൈസൽ, രാജേഷ് കെ.ചെല്ലപ്പൻ, എഎസ്ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.