ഇരുപത്തിനാലുകാരിയായ വൻഷിക സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൻഷികയുടേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട് ഇപ്പോള്‍. അപകടത്തില്‍ പരുക്കേറ്റ് വീണുകിടക്കുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാലിത് വൻഷികയാണോ എന്നതില്‍ വ്യക്തതയില്ല. വീണുകിടക്കുന്നിടത്ത് നിന്ന് ചുറ്റും കൂടിയവരോട് സംസാരിക്കാൻ ശ്രമിക്കുകയും കൈ കൊണ്ട് ആംഗ്യം കാണിക്കുകയും എഴുന്നേല്‍ക്കാൻ നോക്കുകയുമെല്ലാം ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. വൻഷികയ്ക്കൊപ്പം ഒരു പുരുഷ മോഡലിന് കൂടി അപകടം പറ്റിയിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. വൻഷികയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അങ്ങനെയെങ്കില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന പരുക്കേറ്റ യുവതി വൻഷിക തന്നെയോ എന്ന് സംശയം തോന്നാം. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ അപകടസ്ഥലത്ത് തറയില്‍ രക്തം തളം കെട്ടിക്കിടക്കുന്നത് കാണാം.എന്തായാലും സംഭവത്തെ ചൊല്ലി പ്രതിഷേധം ഉയരുന്നുണ്ട്. ലൈറ്റുകള്‍ സജ്ജീകരിക്കാനുപയോഗിക്കുന്ന വലിയ തൂണായ 'ലൈറ്റിംഗ് ട്രസ്' ആണ് വൻഷികയുടെയും കൂടെയുണ്ടായിരുന്ന ബോബി രാജ് എന്ന മോഡലിന്‍റെയും ദേഹത്ത് വീണത്. വൻഷികയ്ക്ക് തലയ്ക്കാണ് സാരമായ പരുക്കേറ്റതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് തീര്‍ച്ചയായും സുരക്ഷാവീഴ്ചയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത്രയും അപകടകരമായ സാഹചര്യം അവിടെയുണ്ടായിട്ടും അണിയറയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും തന്നെ ഇത് തടയാൻ സാധിച്ചില്ല എന്നത് ഖേദകരമാണെന്നും ഇവര്‍ പറയുന്നു.
ഷോയുടെ സംഘാടകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൻഷികയുടെ സഹോദരൻ സ്റ്റുഡിയോയ്ക്ക് എതിരെ പൊലീസില്‍ പരാതിയും നല്‍കിയിരിക്കുകയാണിപ്പോള്‍.
ഷോ നടക്കുന്നതിനിടെ തന്നെയായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്ത് ഇവിടെ നൂറ്റിയമ്പതിലധികം ആളുകളുണ്ടായിരുന്നതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അപകടം ഇതിലും വലുതായേക്കാമായിരുന്നുവെന്നും എന്നാല്‍ ഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്നും പലരും പറയുന്നു.