തൃശൂര്‍: ഇരുചക്ര വാഹന ഷോറൂമില്‍നിന്നും ടെസ്‌റ്റ് ൈഡ്രവിങ്ങിനായി കൊടുത്ത 2.12 ലക്ഷം രൂപ വിലവരുന്ന പുതിയ മോഡല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുമായി മുങ്ങിയ യുവാവ് ടൗണ്‍ ഈസ്‌റ്റ് പോലീസിന്റെ പിടിയില്‍.
ആലപ്പുഴ തുറവൂര്‍ കുത്തിയതോട് തിരുമല കളത്തില്‍ വിഷ്‌ണുശ്രീകുമാറി(32)നെയാണു സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം എട്ടിന് തൃശൂരിലെ ബൈക്ക് ഷോറൂമിലേക്ക് വിളിച്ച് വിഷ്‌ണു പുതിയ മോഡല്‍ ബൈക്കുകളുടെ വിലവിവരം തിരക്കി. ടെസ്‌റ്റ് ഡ്രൈവ് നടത്തണമെന്നും തത്സമയം ഫോണ്‍വിളിച്ചയാള്‍ നിന്നിരുന്ന ഹോട്ടലിനു സമീപത്തേക്ക് ബൈക്ക് കൊണ്ടുവരാനും ആവശ്യപ്പെട്ടു.
യഥാര്‍ഥ ആവശ്യക്കാരനായിരിക്കും എന്നു കരുതി ബൈക്ക് ഷോറൂം ജീവനക്കാരന്‍ ഉടന്‍ ബൈക്കുമായി എത്തി. ടെസ്‌റ്റ് ഡ്രൈവിന് എടുത്ത ബൈക്കുമായി കടന്നുകളഞ്ഞ ഇയാള്‍ ഏറെ നേരമായി തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്നു ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയുടെ സിസിടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ടെസ്‌റ്റ് ഡ്രൈവിനായി നല്‍കിയ ബൈക്ക് അതിവേഗത്തില്‍ ഓടിച്ചു കൊണ്ടുപോയ ഇയാളെ വയനാട് കല്‍പ്പറ്റയില്‍നിന്നുമാണു പിടികൂടിയത്.
വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി സ്വന്തമായി ഉപയോഗിച്ചുവരികയായിരുന്നു. പ്രതി വിഷ്‌ണു ശ്രീകുമാറിനെതിരേ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നാല് സ്‌ത്രീപീഡന കേസുകള്‍ ഉള്‍പ്പെടെ മോഷണം, സ്‌ത്രീകളുടെ മാല പൊട്ടിച്ചെടുക്കല്‍ തുടങ്ങി 20 കേസുകളുണ്ട്.
ടൗണ്‍ ഈസ്‌റ്റ് പോലീസ് ഇന്‍സ്‌പെക്‌ടര്‍ സി. അലവി, സബ് ഇന്‍സ്‌പെക്‌ടര്‍ എന്‍.ബി. സുനില്‍കുമാര്‍, അസി. സബ് ഇന്‍സ്‌പെക്‌ടര്‍ വില്ലിമോന്‍, സി.പി.ഒ. മാരായ പി. ഹരീഷ് കുമാര്‍, വി.ബി. ദീപക്, സൈബര്‍സെല്‍ സി.പി.ഒമാരായ കെ. ശരത്, കെ.എസ്. നിതിന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയിരിക്കുന്നത്.