ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമാക്കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു. മന്ത്രി കുഞ്ഞിനെ സന്ദര്‍ശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. കൊല്ലം ഉറിയാക്കോവില്‍ സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട മക്കളില്‍ ഒരാളായ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഹൃദയ വൈകല്യം ഫീറ്റല്‍ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടര്‍ന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയില്‍ തന്നെ കുഞ്ഞിന് തുടര്‍ ചികിത്സ നടത്തി വരികയായിരുന്നു. ഈ കഴിഞ്ഞ മേയ് 31നാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് പൂര്‍ണമായി സുഖം പ്രാപിച്ചു വരുന്നു. ഹൃദയം നിര്‍ത്തിവെച്ചുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വിനു, ഡോ. നിവിന്‍, ഡോ. സുരേഷ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. അരുണ്‍ ഡോ. ഡിങ്കിള്‍ എന്നിവരാണ്. സര്‍ക്കാരിന്റെ കീഴില്‍ എസ്.എ.ടി ആശുപത്രിയിലാണ് കുട്ടികള്‍ക്ക് മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്ററും കാത്ത്‌ലാബും ഉള്ളത്. കാത്ത്‌ലാബിലൂടെ ഇതിനോടകം 450 ല്‍ പരം കീഹോള്‍ ശസ്ത്രക്രിയകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോ. ലക്ഷ്മി, ഡോ. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നവജാത ശിശുക്കളില്‍ കാണപ്പെടുന്ന ഗുരുതരമായ ഹൃദ്രോഗങ്ങള്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സയായ പിഡിഎ സ്റ്റെന്റിങ് കഴിഞ്ഞ ആറുമാസത്തിനകം 10 നവജാത ശിശുക്കളില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ആര്‍.എം.ഒ. ഡോ. റിയാസ്, ഡോ. ലക്ഷ്മി എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.