വിന്‍ഡീസ് പര്യടനം: ഉമ്രാന്‍ മാലിക് തിരിച്ചെത്തും, അര്‍ഷ്ദീപ് ടെസ്റ്റ് ടീമിലേക്ക്, സഞ്ജുവിനും ഇടമുണ്ടാകും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തില്‍ വിമര്‍ശനം ഉയരുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗമായിരുന്ന പേസര്‍ ഉമ്രാന്‍ മാലിക്കിന് അധികം അവസരം ലഭിച്ചില്ലെങ്കിലും വിന്‍ഡീസ് പര്യടനടത്തിനുള്ള ഏകദിന, ടി20 ടീമിലേക്ക് ഉമ്രാനെ പരിഗണിക്കുമെന്നാണ് സൂചന.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ഉമ്രാന്‍ മാലിക് ഇതുവരെ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന് മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന, ിട20 പരമ്പരയിലും ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു.ഐപിഎല്ലിനുശേഷം കൗണ്ടി ക്രിക്കറ്റില്‍ കെന്‍റിനായി കളിക്കുന്ന ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൗണ്ടിയില്‍ അര്‍ഷ്ദീപിന്‍റെ പ്രകടനവും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നതില്‍ നിര്‍മായകമാകും.ഐപിഎല്ലില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണെയും വിന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 ടീമുകളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച സഞ്ജുവിന് പരിക്കുമൂലം പുറത്തുപോവേണ്ടി വന്നിരുന്നു. എന്നാല്‍ റിഷഭ് പന്തിന്‍റെ അഭാവത്തിലും വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലെ മികച്ച റെക്കോര്‍ഡും കണക്കിലെടുത്ത് സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകിദനവും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ കളിക്കുക. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20ന് ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ തുടങ്ങും. ഏകദിന പരമ്പര ജൂലൈ 27നും ടി20 പരമ്പര ഓഗസ്റ്റ് മൂന്നിനും തുടങ്ങും.