നിർമലാ സീതാരാമൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന. തിരുവനന്തപുരം
ലോക്‌സഭാ മണ്ഡലം പിടിക്കാനാണ് ബിജെപി നിർമലാ സീതാരാമനെ
മത്സരിപ്പിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന
മണ്ഡലമാണ് തിരുവനന്തപുരം.
വന്ദേഭാരതിന്റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം
തിരഞ്ഞെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. സാധ്യതകൾ മങ്ങിയതോടെ
മോദിയില്ലെങ്കിൽ തലയെടുപ്പുള്ള മറ്റൊരു ദേശീയ നേതാവ് വേണമെന്ന് ബിജെപി
സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ എത്തിനിൽക്കുന്നത്
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനിലാണ്
. മുധര സ്വദേശിയാണ് നിർമ്മല.
ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ശശി തരൂർ നേടിയെങ്കിലും ശക്തമായ
ത്രികോണ മത്സരത്തിലും വോട്ടു കൂട്ടാൻ ബിജെപിക്കായി. തൊട്ടുമുന്നിലെ
തെരഞ്ഞെടുപ്പിലെ ശശി തരൂരിന്റെ ഭൂരിപക്ഷം പതിനയ്യായിരം മാത്രമായിരുന്നു.
കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതിൽ ഏറ്റവും
മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. തിരുവനന്തപുരത്ത് ദേശീയ നേതാവ്
ഇറങ്ങിയാൽ തലസ്ഥാനത്തിന് പുറത്തടക്കം നേട്ടമാകുമെന്നാണ് പാർട്ടി കണക്ക്
കൂട്ടൽ.
തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിലിൽ കേന്ദ്രമന്ത്രി വി മുരളീധരനും
മത്സരിക്കാനാണ് സാധ്യത. ഇതിൽ തൃശൂരിൽ സുരേഷ് ഗോപി ഏതാണ്ട് ഉറപ്പിച്ചു
കഴിഞ്ഞു. പാലക്കാട് കെ സുരേന്ദ്രൻ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്.
കേരളത്തിലെ പ്രചരണവും മറ്റും ബിജെപി ദേശീയ അധ്യക്ഷൻ വിലയിരുത്തിയിരുന്നു.
വികസനം ചർച്ചയാക്കി വോട്ട് നേടാനാണ് നീക്കം.
കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ
പി നദ്ദ പറഞ്ഞു. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ
അനുവദിച്ചത്. 1266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ
പുരോഗമിക്കുകയാണെന്നും ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ
ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സർക്കാർ
അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര
ഇതോടെ സുഗമമായി മാറും. മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം
ദേശീയപാത നിർമ്മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകൾ ആറ് വരിയാക്കി
മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവെ
വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.
വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ
രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു.
തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി
കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ
റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ
ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റർ പാളമാണ്
റെയിൽവെ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി
വർദ്ധിപ്പിച്ചെന്നും ജെപി നദ്ദ പറഞ്ഞു.