സ്വാമിയേ ശരണമയ്യപ്പ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’- ആ ശബ്ദം ഇനിയില്ല; ശബരിമല അനൗൺസർ ശ്രീനിവാസ് വാഹനാപകടത്തിൽ മരിച്ചു

ബം​ഗളൂരു: ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർഎം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങുന്നുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ബം​ഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ മലയാളം, തമിഴ്, തെലു​ഗു, കന്നട, ഇം​ഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശ്രീനിവാസ് ഭക്തർക്ക് വിവരങ്ങൾ നൽകിയിരുന്നത്. സംസ്കാരം ഇന്ന് ബം​ഗളൂരുവിൽ.
ഭാര്യ: സരസ്വതി. മക്കൾ: സുഷമ, ദിവ്യ. മരുമക്കൾ: ജ​ഗൻ, ഹേമന്ത്.