ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്ന് കോടതി ഉത്തരവിട്ടു. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇവർ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിച്ചു. തുടർന്ന് ഇവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.