ശിവഗിരി: സൗകര്യം കിട്ടുമ്പോള്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കണം. തണലുമായി പഴവുമായി ശ്രീനാരായണ ഗുരുദേവന്‍റെ ഉപദേശം ലോകമെമ്പാടും മുഴങ്ങുമ്പോള്‍ ശിവഗിരിയിലെത്തുന്ന ഭക്തര്‍ക്ക് തണലേകി നിലകൊള്ളുന്ന മഹാസമാധി വളപ്പിലെ പ്ലാവിന് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു നല്‍കാനാവുന്നു. ഗുരുദേവന്‍റെ തൃക്കരങ്ങള്‍ക്കൊണ്ട് നട്ട ഈ പ്ലാവിന്‍റെ പ്രായം നൂറുകഴിഞ്ഞിട്ടും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ ഇന്നും തണലും ഫലവും നല്‍കി അനേകലക്ഷങ്ങളെ ആകര്‍ഷിച്ചുകൊണ്ട് നിലകൊള്ളുന്നു. നിത്യേനയെന്നോണം വന്നു പോകുന്ന ഭക്തരില്‍ പലരും ഈ പ്ലാവിന്‍റെ ചുറ്റും കൂടി പ്രാര്‍ത്ഥിച്ചും ഗുരുദേവ കൃതികള്‍ പാരായണം ചെയ്തും മടങ്ങുന്ന കാഴ്ച പതിവാണ്. ഈ പ്ലാവില്‍ നിറയെ ചക്ക ഉണ്ടാകാറുണ്ട്. ഇക്കൊല്ലവും ഈ പതിവ് തെറ്റിയിട്ടില്ല. പാകമായി പഴുത്ത ചക്കയില്‍ നിന്നും ലഭിക്കുന്ന കുരു പാകി കിളിര്‍പ്പിച്ചു തൈകള്‍ ഭക്തര്‍ക്ക് നല്‍കുന്നതില്‍ ശിവഗിരി മഠം കാര്‍ഷിക വിഭാഗം മേധാവിയും ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് ബോര്‍ഡ് അംഗവുമായ സ്വാമി ബോധിതീര്‍ത്ഥ കൂടുതല്‍ ഉത്സാഹം കാട്ടിവരുന്നു. എല്ലാ വര്‍ഷവും ഭക്തര്‍ ശിവഗിരിയില്‍ നിന്നുള്ള ഈ പ്ലാവിന്‍റേയും മറ്റ് പ്ലാവുകളുടേയും വിവിധ ഇനം മാവുകളുടേയും തൈകള്‍ ശേഖരിക്കാന്‍ താല്‍പ്പര്യം കാട്ടി വരുന്നു.