കടയുടമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കടയ്ക്കു മുന്നില്‍

പോത്തന്‍കോട് : തോന്നയ്ക്കല്‍ ശാസ്തവട്ടം ശാന്തിനഗര്‍ കുന്നുംപുറത്തു വീട് ചോതി നിലയത്തില്‍ കിച്ചൂസ് സ്റ്റോര്‍ ഉടമ സി. രാജു (62) വിനെ വീടിനോട് ചേര്‍ന്നുള്ള കടയ്ക്കു മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയില്‍ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ രാജുവിന്റെ ഭാര്യ ഷീലയുടെ നിലവിളി കേട്ടാണു നാട്ടുകാരും വാര്‍ഡംഗം വി. അജികുമാറും എത്തിയത്. അതിനു ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. 

ഫൊറന്‍സിക്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെ വരുത്തി തെളിവുകള്‍ ശേഖരിച്ചു. റോഡരികിലുള്ള കടയുടെ മുന്നില്‍ ഗേറ്റിനോടു ചേര്‍ന്നായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇരുമ്പു ഗേറ്റ് അകത്തു നിന്നു പൂട്ടിയിരുന്നു. മൃതദേഹത്തിനു സമീപം കാര്‍ഡ് ബോര്‍ഡുകള്‍ കത്തിയമര്‍ന്നതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ 1.12 ന് തീ ആളിപ്പടരുന്നതു സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

ഈ സമയത്ത് സമീപ വീട്ടിലും രാജുവിന്റെ വീട്ടിലും വെളിച്ചം തെളിയുന്നതും അകത്തു നിന്ന് ആള്‍ വന്നു നോക്കി പോകുന്നതും വെളിച്ചം കെടുന്നതുമെല്ലാം കാണാം. പ്രത്യേക ഗന്ധവും തീ ആളിപ്പടരുന്നതും കണ്ടു ഭയന്നാണു പുറത്തിറങ്ങാതിരുന്നതെന്നാണു ഷീല പിന്നീടു പൊലീസിനോട് പറഞ്ഞത്. മക്കള്‍ ആദര്‍ശ്, ദര്‍ശന. മരുമകന്‍ രാഹുല്‍. ഭാര്യയുമായി പിണക്കത്തിലായിരുന്ന രാജു ഏറെ നാളായി കടയോടു ചേര്‍ന്ന ഷീറ്റിട്ട ചായ്പിലെ സ്ലാബിനു മുകളിലാണു കിടന്നിരുന്നത്. എന്നാല്‍ സംഭവ ദിവസം കടയുടെ മുന്നില്‍ കിടക്കാന്‍ പായ വിരിച്ചത് സുഹൃത്തുക്കള്‍ കണ്ടിരുന്നു. സൈക്കിളില്‍ മാത്രം യാത്ര ചെയ്യുന്ന രാജുവിന്റെ കടയില്‍ മൂന്നു ദിവസമായി പെട്രോള്‍ നിറച്ച ഒരു കുപ്പി കണ്ടതായി സ്ഥലവാസി പൊലീസിനോട് പറഞ്ഞു.