ബിനു ചേട്ടന് സര്‍ജറി കഴിഞ്ഞു', ആശുപത്രിയില്‍ നിന്ന് വിവരങ്ങളുമായി അനൂപ്

വാഹനാപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് ചെറിയൊരു ശസ്‍ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. വിശ്രമമാണ് ഇപ്പോള്‍ വേണ്ടതെന്ന് ടെലിവിഷൻ ഷോ ഒരുക്കുന്ന അനൂപ് വ്യക്തമാക്കി. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റ്.

ബിനുവിന്റെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അനൂപ്. ബിനു അടിമാലിയെ കണ്ടതിന് ശേഷം താൻ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‍പിറ്റലിനു പുറത്ത് നില്‍ക്കുകയാണ്. അദ്ദേഹത്തിന് ചെറിയ സര്‍ജറി നടത്തി. മുഖത്ത് ചെറിയ പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ അനൂപ് വ്യക്തമാക്കുന്നു.ഇപ്പോള്‍ അദ്ദേഹം പൂര്‍ണ വിശ്രമത്തിലാണ്. ക്രിട്ടിക്കല്‍ സാഹചര്യം അദ്ദേഹം മറികടന്നു. ബിനു ചേട്ടന്റെ അപ്‍ഡേറ്റ് എന്താണെന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടാണ് വീഡിയോ ചെയ്യുന്നത്. കുറച്ച് നേരം ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു. അതൊക്കെ പിന്നീട് ചോദിച്ച് മനസ്സിലാക്കാം. ഐസിയുവിന്റെ അടുത്തുള്ള റൂമിലാണ് പുള്ളിയുള്ളത്. വൈകാതെ മറ്റൊരു റൂമിലേക്ക് മാറ്റുമായിരിക്കും. ഇപ്പോള്‍ അദ്ദേഹത്തിന് ആവശ്യം വിശ്രമമാണ്. എത്രയും വേഗം സുഖമാകാൻ പ്രാര്‍ഥിക്കണം. ഒരുപാട് പേര്‍ വീഡിയോ ചെയ്യാൻ ആശുപത്രിയുടെ പുറത്തെത്തിയിട്ടുണ്ട്. ആരും അദ്ദേഹത്തെ ശല്യപ്പെടുത്താൻ ശ്രമിക്കരുത്. ഫോണ്‍ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. പുള്ളിയുടെ ഫാസ്റ്റ് റിക്കവറിക്കായി പ്രാര്‍ഥിക്കുക. അനാവശ്യ ന്യൂസുകള്‍ പോസ്റ്റ് ചെയ്യാതിരിക്കുക. എല്ലാവരും പ്രാര്‍ഥിക്കുക, ബിനു ആരോഗ്യവാനായി തിരിച്ചുവരട്ടേ എന്നും അനൂപ് വ്യക്തമാക്കുന്നു.തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‍വൈഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.