ആറ്റിങ്ങൽ: ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ രണ്ട് ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി. ഫിഷറീസ് വകുപ്പ് തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി മേലാറ്റിങ്ങൽ കടവിൽ ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർപ്പ് ഇനത്തിൽപ്പെട്ട ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് കടവിൽ നിക്ഷേപിച്ചത്.
വാമനപുരം നദിയുടെയും അനുബന്ധ കായലുകളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പദ്ധതിയിലുൾപ്പെടുത്തി മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി 10 കടവുകളെയാണ് തെരഞ്ഞെടുത്തത്. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ രണ്ട് കടവുകളാണ് പദ്ധതിയിലുള്ളത്. മേലാറ്റിങ്ങൽ കടവിന് പുറമേ പൂവൻപാറ കടവിൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എസ്. കുമാരി മത്സ്യവിത്ത് നിക്ഷേപിച്ചു. ഒരുലക്ഷം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് ഇവിടെയും നിക്ഷേപിച്ചത്.