പള്ളിയിലെ സാമ്പത്തിക ക്രമക്കേട്: മുസ്‍ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ്

കണ്ണൂർ പുറത്തീൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ്. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന തീരുമാനമാണ് വഖഫ് ബോർഡിന്റേത്. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി താഹിറിനെതിരെയാണ് ഉത്തരവ്. 1,57,79,500 രൂപ ഈടാക്കാനുള്ള റിക്കവറി നടപടി നിർദേശിച്ച് ബോർഡ് ഉത്തരവിറക്കി. ഓഡിറ്റ് റിപ്പോർട്ടിൽ നേരത്തെ ക്രമക്കേട് കണ്ടെത്തിയിരുന്നു. താഹിറിനെതിരെ ക്രിമിനൽ കേസ് നൽകാനും ബോർഡ് ഉത്തരവിട്ടു. കണ്ണൂർ പുറത്തിയിൽ മിർഖാത്തുൽ ഇസ്ലാം ജമാ അത്ത് പളളിയിൽ 2010 – 15 കാലത്താണ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി താഹിർ സെക്രട്ടറിയായി പ്രവർത്തിച്ചത്. 2015 ൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തട്ടിപ്പ് ആരോപണം ഉയരുന്നത്. കമ്മറ്റി അവതരിപ്പിച്ച കണക്കുകൾ വ്യാജമാണന്നും വീണ്ടും ഓഡിറ്റ് നടത്തണമെന്നും ജനറൽ ബോഡി തീരുമാനമെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ 80 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. പിന്നാലെ പരാതി തലശേരി സി ജെ എം കോടതിയിലെത്തി കോടതി നിർദ്ദേശ പ്രകാരം ചക്കരക്കൽ പോലീസ് കേസെടുത്തു.ഈ കേസിൽ കോടതിയിൽ സാക്ഷി വിസ്താരം തുടരുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധവിയുടെ നിർദ്ദേശ പ്രകാരം ക്രമക്കേട് അന്വേക്ഷിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗത്തെ നിയോഗിച്ചത്.1.7 കോടി രൂപയുടെ ചെലവ് കണക്കുകൾ കാണാനില്ലന്ന് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകി. ഇതോടെയാണ് സംസ്ഥാന വഖഫ് ബോർഡ് യോഗം ചേർന്ന് നടപടി ഉത്തരവിറക്കിയത്. 1,57,79500 രൂപ താഹിറിൽ നിന്ന് തിരിച്ച് പിടിക്കാനാണ് ബോർഡിൻറെ നിർദ്ദേശം. റവനു റിക്കവറിക്കായി വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്